Wednesday, March 11, 2020

poem muneer agragami


ഇട(o)

ഇട(o)
.......
ഞാൻ ജീവിക്കുന്നു
ദേഹത്തിനും ദേഹിക്കുമിടയിൽ
അവ കലഹിച്ച്
പിരിഞ്ഞു പോവാതിരിക്കാൻ
കുഞ്ഞുങ്ങളെ കളിപ്പിക്കുന്നു.
മാ എന്നു പേരുള്ളവൾ
എന്നോടു പറഞ്ഞു.

* * *
ചുവന്ന റിബൺ
.........................
നടത്തിന് വേഗത പോരാ.
ഇന്നെനിക്ക് തോന്നി
കുഞ്ഞിനെ സ്കൂളിലേക്ക്
ഒരുക്കവെ
എന്റെ വേഗം
എവിടെയോ വീണുപോയ പോലെ തോന്നി
അവളുടെ മുടിയിലെ
ചുവന്ന റിബൺ ഞാനാണ്
ചിതറിപ്പോകുന്ന ഇഴയെ
ചേർത്ത് പിടിച്ച് നിൽക്കുന്നു
അവൾ മടങ്ങി വരുമ്പോൾ
അത് വീണു പോകുമോ ?
* * *
തെട്ടിൽ
.............
ഒരു വെടിയൊച്ച കൂടി കേട്ടു
തൊട്ടിൽ വിറച്ചു
വീടു തകർന്നതിനാൽ
മരക്കൊമ്പിൽ കെട്ടിയ കുഞ്ഞു വീട്
അതിർത്തിയിൽ കെട്ടിയാലും
രണ്ടു രാജ്യങ്ങളിലേക്കും
തുല്യമായി അതാടും
അതിൽ ഒരു ചിരിയുണ്ടാവും,
തോക്കുമായി അന്വേഷിക്കാൻ വരുന്നവനും.
* * *
സമയം
* * *
സമയത്തിൽ നിന്നും പുറത്ത് കടക്കണം
അവൾ തീരുമാനിച്ചു
അവന്റെ സമയം അവളുടെ തീരുമാനത്തിനു ചുറ്റും
മിനിട്ടുകൾ എടുത്തു വെച്ച്
കോട്ട പണിതു
സമയമേ
എനിക്കകത്തേക്ക് വരൂ വരൂ
അവൾ പ്രാർത്ഥിച്ചു.
* * *
മരിച്ചവരുടെ കടൽ
...............................
എന്റെ അമ്മയും അമ്മൂമ്മമാരും
മരിച്ചവരുടെ കടലിൽ നിന്നും
തിരകളായി വന്ന്
എന്നെ തൊടുന്നുണ്ട്
മണലിലെ നനവ്
എന്റെ കൺതടത്തിലുണ്ട്
അമ്മേ
കടൽത്തീരത്തു നിന്നും
എന്നെ തിരിച്ചു കൊണ്ടു പോവരുതേ
മാ എന്നു പേരുള്ളവൾ
പ്രാർത്ഥിക്കുന്നത്
ഞാൻ കേട്ടു.
- മുനീർ അഗ്രഗാമി

സംഗീതം പോലെ ഞാൻ കുറുക്കനെ കേൾക്കാൻ തുടങ്ങി

ബാങ്കുവിളിക്കൊപ്പം കുറുക്കൻ
ഓരിയിട്ടു . ഞാനവനെ നിയോഷ്ക എന്നു വിളിച്ചു. മഗ്രിബ് ബാങ്കിനോട് പ്രതിവചിക്കുകയായിരുന്നു നിയോഷ്ക.
സൂഫിവര്യനായ അംജദ് അൽ ജസറ എന്റെ അതിഥിയായി വീട്ടിലുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു , നീ വിളിക്കുന്ന പേരിലൊന്നും അവനില്ല .അവൻ ഓരിയിടുന്നത് നീ കേൾക്കുന്നു. എന്നാൽ നിന്റെ ഭാഷയിലും വാക്കുകളിലും അവന് അവനായിരിക്കുക സാദ്ധ്യമല്ല. അവനോട് നീ മരങ്ങൾ കൊണ്ട് സംസാരിക്കൂ .മണ്ണിൽ മരങ്ങൾ കൊണ്ട് കവിതയെഴുതൂ . അദ്ദേഹം പോയ ശേഷം സംഗീതം പോലെ ഞാൻ കുറുക്കനെ കേൾക്കാൻ തുടങ്ങി .
- മുനീർ അഗ്രഗാമി

പ്രണയം

സൂഫിവര്യനായ അംജദ് അൽ ജസറ ഒരിക്കൽ ലബനോണിൽ നിന്നും ബേപ്പൂരിലേക്ക് വരികയായായിരുന്നു .ശക്തമായ കാറ്റിലും കോളിലും പെട്ട് പായക്കപ്പൽ ദിശമാറി നീങ്ങി . മറ്റ് യാത്രക്കാരെല്ലാം പേടിച്ച്, അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ കരഞ്ഞു പറഞ്ഞു . അദ്ദേഹം പുഞ്ചിരിച്ചു പറഞ്ഞു , പ്രണയം ചിലപ്പോൾ ഇങ്ങനെയാണ് .അതിശക്തമായി അതുലച്ചുകളയും .പക്ഷേ തീരമണയാതിരിക്കില്ല.
- മുനീർ അഗ്രഗാമി

ചെരുപ്പുകൾ ഞാൻ കടലിലേക്കെറിഞ്ഞു

കടപ്പുറത്തു കൂടെ ഞങ്ങൾ നടന്നു. സൂഫിവര്യനായ അംജദ് അൽ ജസറയും ഞാനും .അദ്ദേഹം പാദരക്ഷകൾ ധരിച്ചിരുന്നില്ല. "ഗുരോ അങ്ങയുടെ കാലിൽ നിറയെ മണൽത്തരികൾ പറ്റിയല്ലോ ... ചെരിപ്പ് ഇടാമായിരുന്നില്ലേ ?" ഞാൻ ചോദിച്ചു. " നോക്കൂ മണൽത്തരികൾ എന്നെ എടുത്തു നടക്കുന്നത് .ഒരു കയ്യിൽ നിന്നും അനേകം കൈകളിലേക്ക് മാറ്റിപ്പിടിക്കുന്നത് .അവ ദൈവത്തിന്റെ വിരലുകളാണ് " അദ്ദേഹം പുഞ്ചിരിച്ചു. അന്നേരം മതിലു തകർത്തെറിയുമ്പോലെ എന്റെ ചെരുപ്പുകൾ ഞാൻ കടലിലേക്കെറിഞ്ഞു.
- മുനീർ അഗ്രഗാമി

പുരാതന ലിഖിതങ്ങളുള്ള കല്ലിൻ കഷണങ്ങൾ

നഫർത്തരി രാജ്ഞിയുടെ ശവകുടീരത്തിനരികിലൂടെ നടക്കുകയായിരുന്നു സൂഫിവര്യനായ അംജദ് അൽ ജസറയും ശിഷ്യരും . മരുഭൂമിയിലൂടെ നടക്കുമ്പോൾ ശിഷ്യൻ ഏതോ പുരാതന ലിഖിതങ്ങളുള്ള കല്ലിൻ കഷണങ്ങൾ പെറുക്കി കയ്യിൽ പിടിച്ചിരുന്നു .
ശവകുടീരം സന്ദർശിച്ച് ഗുഹാ സമാനമായ കവാടം കടക്കുമ്പോൾ ശിഷ്യൻ ചോദിച്ചു : ഗുരോ കല്ലുകൾ നോക്കൂ ഇതിലേതോ ഭാഷയുണ്ട് .ഫറവോയ്ക്കു മുമ്പ് മൺമറഞ്ഞ മറ്റേതോ ജനതയുടെ ലിപിയാവാം അല്ലെ ?
അദ്ദേഹം ഒന്നും മിണ്ടിയില്ല. മരുപ്പച്ചയിലെത്തി അൽപ നേരം വിശ്രമിച്ച് പോകാൻ നേരം അദ്ദേഹം ഒരില പറിച്ചു .അതിലെ ചില പാടുകൾ ശിഷ്യരെ കാണിച്ചു എന്നിട്ടു പറഞ്ഞു ,'' നോക്കൂ ,ഈ ഇലയിൽ ഒരു സന്ദേശമുണ്ട് .ഞാനതു വായിക്കാൻ ശ്രമിക്കുകയാ ണ് .മറ്റേതൊക്കെയോ ജീവികൾ കാലങ്ങളായി അതു വായിക്കുന്നുണ്ട് . എനിക്കവരുടെ ശിഷ്യനാകണമെന്നുണ്ട് "
- മുനീർ അഗ്രഗാമി

ഒരിക്കൽ ചെങ്കടൽത്തീരത്തെ യാൻബൂ നഗരത്തിലൂടെ

ഒരിക്കൽ ചെങ്കടൽത്തീരത്തെ യാൻബൂ നഗരത്തിലൂടെ ഞങ്ങൾ നടക്കുകയായിരുന്നു.ഈജിപ്തുകാരനായ തന്റെ ഒരു ശിഷ്യൻ അവിടെ തുറമുഖത്ത് അലഞ്ഞു നടക്കുന്നു എന്നറിഞ്ഞ് സ്നേഹ സന്ദർശനത്തിനായി വന്നതാണ്
സൂഫിവര്യനായ അംജദ് അൽ ജസറ .ഒപ്പം ഞങ്ങൾ മൂന്നു പേരുണ്ട്. സൗദി പൗരനായ ഖലീൽ ഇബ്നു മാലിക്കും സിറിയക്കാരനായ ഖമർ അൽ അസദും ഞാനും.നഗരപ്രാന്തത്തിലെ ഒരു കൂടാരത്തിൽ നിന്നും ശിഷ്യനെ കണ്ടെത്തിക്കഴിഞ്ഞ് ഞങ്ങൾ ഉദ്യാനത്തിലൂടെ നടന്നു . അദ്ദേഹം ഒന്നും ഉരിയാടാതെ മറ്റെന്തോ ചിന്തയിലായിരുന്നു.
ധ്യാനത്തിലെന്ന പോലെ ഇരുന്നു .മുന്നിൽ ഞങ്ങളുമിരുന്നു. രണ്ടു പൂമ്പാറ്റകൾ വന്ന് അദ്ദേഹത്തിന്റെ തലപ്പാവിലിരുന്നു .മരുഭൂമി ഉരുക്കിയൊഴിച്ച നിറമുള്ളവ .ഇടയ്ക്ക് അവ പറന്നു പൊങ്ങി . " ദൂരങ്ങൾ എത്രയോ താണ്ടേണ്ടി വരും പൂവായിയിത്തീരുവാൻ ... ഇനിയുമലയുക .ഈ ശലഭങ്ങളുടെ സഹോദരങ്ങളായിത്തീരുവോളം "
അദ്ദേഹം അത്ര മാത്രം പറഞ്ഞു.

-മുനീർ അഗ്രഗാമി

ഉച്ചതിരിഞ്ഞ സമയം മൂന്നു സ്ത്രീകൾ

ഒരു ദിവസം ഉച്ചതിരിഞ്ഞ സമയം മൂന്നു സ്ത്രീകൾ അദ്ദേഹത്തെ കാണാൻ വന്നു. "ഞങ്ങളോട് പ്രണയത്തെ കുറിച്ചു പറയുക "
അവർ പറഞ്ഞു.
ആദ്യമായിരുന്നു അദ്ദേഹം അപരിചിതരായ
മൂന്നു സ്ത്രീകളുടെ ചോദ്യം ഒരുമിച്ച് കേൾക്കുന്നത് . സൂഫിവര്യനായ അംജദ് അൽ ജസറ ശാന്തനായി പറഞ്ഞു തുടങ്ങി:
" പ്രണയത്തെ കുറിച്ച് എനിക്കു മുമ്പേ പറഞ്ഞവരെ കേൾക്കുക. അവരുടെ വാക്കുകളിൽ നിങ്ങൾ കേൾക്കാനാഗ്രഹിച്ച അർത്ഥമില്ലെങ്കിൽ നിങ്ങൾ തന്നെയാണ് ആ അർത്ഥം .അന്നേരം നിങ്ങൾ നിങ്ങളെ വായിക്കുക ,കേൾക്കുക .
പ്രണയം നിങ്ങളെ അത്ഭുതമാക്കിത്തീർത്തിരിക്കുന്നു എന്നറിയുമ്പോൾ അവൻ നിങ്ങളുടെ വെളിച്ചമായി പ്രകാശിക്കും .മറ്റെല്ലാ വെളിച്ചത്തിനും മീതെ ."

- മുനീർ അഗ്രഗാമി

സൂഫി വര്യനായ അംജദ് അൽ ജസറ 2

സൂഫിവര്യനായ അംജദ് അൽ ജസറ ഒരു രാത്രിയിൽ ഇറങ്ങി നടന്നു .നിശാഗന്ധിയുടെ സമീപത്ത് ധ്യാനത്തിലെന്ന പോലെ ചെന്നിരുന്നു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നിശാഗന്ധിയുടെ മൊട്ട് വിടർന്നു . ശിഷ്യർഅദ്ദേഹത്തെ പിന്തുടർന്നിരുന്നു . തിരിച്ചു പോകാൻ തുടങ്ങവേ അദ്ദേഹം പറഞ്ഞു ,
ഏതു കനത്ത ഇരുട്ടിലും നിശാഗന്ധിക്ക്
വിടരാതിരിക്കാനാവില്ല .നമുക്കിവിടെ വരാതിരിക്കാനുമാവില്ല .ലോകം അത്രമേൽ സുന്ദരമാണ് .ചുറ്റിലും ചിലപ്പോൾ ഇരുട്ട് പരക്കുന്നു എന്നു മാത്രം.

- മുനീർ അഗ്രഗാമി

സൂഫി വര്യനായ അംജദ് അൽ ജസറ

സൂഫിവര്യനായ അംജദ് അൽ ജസറ ഒരിക്കൽ ശിഷ്യരുമൊത്ത് ഭൂമിയിലൂടെ നടക്കുകയായിരുന്നു. ശിഷ്യർ മരുപ്പരപ്പിനെക്കുറിച്ചും ഫാൽക്കണുകളെ കുറിച്ചും സംസാരിക്കുന്നതു കേട്ട് അദ്ദേഹം പറഞ്ഞു ." നിശ്ശബ്ദരാകുക . മരുഭൂമി പറയുന്നതു കേൾക്കുക ; പാടുന്നതും "
ഞങ്ങൾ സംസാരം നിർത്തി. അപ്പോൾ നടന്നു പോകുന്ന വഴി,ഞങ്ങൾക്കുള്ളിൽ കാലു വെച്ചു മെല്ലെ നടന്നു തുടങ്ങി .
-മുനീർ അഗ്രഗാമി

മിനിക്കഥ ജാതി

മിനിക്കഥ
...............
ജാതി
..........
പത്രത്തിൽ അവാർഡിന് കൃതികൾ ക്ഷണിക്കുന്നു എന്ന പരസ്യം കണ്ടാണ് സത്യശീലൻ അതിൽ കൊടുത്ത നമ്പറിൽ വിളിച്ചത്.
''സർ ,അവാർഡ് പരിഗണനയ്ക്ക്
കവിത അയക്കട്ടെ ?''
ഉടനെ മറുപടി കിട്ടി
''അയച്ചോളൂ
ഒപ്പം ജാതി സർട്ടിഫിക്കറ്റും
അയക്കാൻ മറക്കരുത് ''
നവോത്ഥാന കാലത്തെ മിശ്രവിവാഹത്തിലെ
സന്താനമായതിനാൽ സത്യശീലൻ നിന്നു വിയർത്തു .
കവിതയുടെ ജാതിയേതെന്നോർത്ത്
വീട്ടിൽ നിന്നും ഇറങ്ങി നടന്നു .

-മുനീർ അഗ്രഗാമി