Wednesday, March 11, 2020

poem muneer agragami


ഇട(o)

ഇട(o)
.......
ഞാൻ ജീവിക്കുന്നു
ദേഹത്തിനും ദേഹിക്കുമിടയിൽ
അവ കലഹിച്ച്
പിരിഞ്ഞു പോവാതിരിക്കാൻ
കുഞ്ഞുങ്ങളെ കളിപ്പിക്കുന്നു.
മാ എന്നു പേരുള്ളവൾ
എന്നോടു പറഞ്ഞു.

* * *
ചുവന്ന റിബൺ
.........................
നടത്തിന് വേഗത പോരാ.
ഇന്നെനിക്ക് തോന്നി
കുഞ്ഞിനെ സ്കൂളിലേക്ക്
ഒരുക്കവെ
എന്റെ വേഗം
എവിടെയോ വീണുപോയ പോലെ തോന്നി
അവളുടെ മുടിയിലെ
ചുവന്ന റിബൺ ഞാനാണ്
ചിതറിപ്പോകുന്ന ഇഴയെ
ചേർത്ത് പിടിച്ച് നിൽക്കുന്നു
അവൾ മടങ്ങി വരുമ്പോൾ
അത് വീണു പോകുമോ ?
* * *
തെട്ടിൽ
.............
ഒരു വെടിയൊച്ച കൂടി കേട്ടു
തൊട്ടിൽ വിറച്ചു
വീടു തകർന്നതിനാൽ
മരക്കൊമ്പിൽ കെട്ടിയ കുഞ്ഞു വീട്
അതിർത്തിയിൽ കെട്ടിയാലും
രണ്ടു രാജ്യങ്ങളിലേക്കും
തുല്യമായി അതാടും
അതിൽ ഒരു ചിരിയുണ്ടാവും,
തോക്കുമായി അന്വേഷിക്കാൻ വരുന്നവനും.
* * *
സമയം
* * *
സമയത്തിൽ നിന്നും പുറത്ത് കടക്കണം
അവൾ തീരുമാനിച്ചു
അവന്റെ സമയം അവളുടെ തീരുമാനത്തിനു ചുറ്റും
മിനിട്ടുകൾ എടുത്തു വെച്ച്
കോട്ട പണിതു
സമയമേ
എനിക്കകത്തേക്ക് വരൂ വരൂ
അവൾ പ്രാർത്ഥിച്ചു.
* * *
മരിച്ചവരുടെ കടൽ
...............................
എന്റെ അമ്മയും അമ്മൂമ്മമാരും
മരിച്ചവരുടെ കടലിൽ നിന്നും
തിരകളായി വന്ന്
എന്നെ തൊടുന്നുണ്ട്
മണലിലെ നനവ്
എന്റെ കൺതടത്തിലുണ്ട്
അമ്മേ
കടൽത്തീരത്തു നിന്നും
എന്നെ തിരിച്ചു കൊണ്ടു പോവരുതേ
മാ എന്നു പേരുള്ളവൾ
പ്രാർത്ഥിക്കുന്നത്
ഞാൻ കേട്ടു.
- മുനീർ അഗ്രഗാമി

സംഗീതം പോലെ ഞാൻ കുറുക്കനെ കേൾക്കാൻ തുടങ്ങി

ബാങ്കുവിളിക്കൊപ്പം കുറുക്കൻ
ഓരിയിട്ടു . ഞാനവനെ നിയോഷ്ക എന്നു വിളിച്ചു. മഗ്രിബ് ബാങ്കിനോട് പ്രതിവചിക്കുകയായിരുന്നു നിയോഷ്ക.
സൂഫിവര്യനായ അംജദ് അൽ ജസറ എന്റെ അതിഥിയായി വീട്ടിലുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു , നീ വിളിക്കുന്ന പേരിലൊന്നും അവനില്ല .അവൻ ഓരിയിടുന്നത് നീ കേൾക്കുന്നു. എന്നാൽ നിന്റെ ഭാഷയിലും വാക്കുകളിലും അവന് അവനായിരിക്കുക സാദ്ധ്യമല്ല. അവനോട് നീ മരങ്ങൾ കൊണ്ട് സംസാരിക്കൂ .മണ്ണിൽ മരങ്ങൾ കൊണ്ട് കവിതയെഴുതൂ . അദ്ദേഹം പോയ ശേഷം സംഗീതം പോലെ ഞാൻ കുറുക്കനെ കേൾക്കാൻ തുടങ്ങി .
- മുനീർ അഗ്രഗാമി

പ്രണയം

സൂഫിവര്യനായ അംജദ് അൽ ജസറ ഒരിക്കൽ ലബനോണിൽ നിന്നും ബേപ്പൂരിലേക്ക് വരികയായായിരുന്നു .ശക്തമായ കാറ്റിലും കോളിലും പെട്ട് പായക്കപ്പൽ ദിശമാറി നീങ്ങി . മറ്റ് യാത്രക്കാരെല്ലാം പേടിച്ച്, അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ കരഞ്ഞു പറഞ്ഞു . അദ്ദേഹം പുഞ്ചിരിച്ചു പറഞ്ഞു , പ്രണയം ചിലപ്പോൾ ഇങ്ങനെയാണ് .അതിശക്തമായി അതുലച്ചുകളയും .പക്ഷേ തീരമണയാതിരിക്കില്ല.
- മുനീർ അഗ്രഗാമി

ചെരുപ്പുകൾ ഞാൻ കടലിലേക്കെറിഞ്ഞു

കടപ്പുറത്തു കൂടെ ഞങ്ങൾ നടന്നു. സൂഫിവര്യനായ അംജദ് അൽ ജസറയും ഞാനും .അദ്ദേഹം പാദരക്ഷകൾ ധരിച്ചിരുന്നില്ല. "ഗുരോ അങ്ങയുടെ കാലിൽ നിറയെ മണൽത്തരികൾ പറ്റിയല്ലോ ... ചെരിപ്പ് ഇടാമായിരുന്നില്ലേ ?" ഞാൻ ചോദിച്ചു. " നോക്കൂ മണൽത്തരികൾ എന്നെ എടുത്തു നടക്കുന്നത് .ഒരു കയ്യിൽ നിന്നും അനേകം കൈകളിലേക്ക് മാറ്റിപ്പിടിക്കുന്നത് .അവ ദൈവത്തിന്റെ വിരലുകളാണ് " അദ്ദേഹം പുഞ്ചിരിച്ചു. അന്നേരം മതിലു തകർത്തെറിയുമ്പോലെ എന്റെ ചെരുപ്പുകൾ ഞാൻ കടലിലേക്കെറിഞ്ഞു.
- മുനീർ അഗ്രഗാമി